പേജുകള്‍‌

2016, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

A COMPARATIVE STUDY ON BIO-DIVERSITY AND ITS IMAPCT ON FOOD HABITS 40 YEARS AGO AND NOW AT KALIKKADAVU IN PILICODE GRAMA PANCHAYATHകാലിക്കടവിലെ ജൈവവൈവിധ്യവും അവിടത്തെ
ആഹാരത്തില്‍ അതിന്റെ സ്വാധീനവും
40-വര്‍ഷം മുമ്പും ഇന്നും-ഒരു താരതമ്യ പഠനം.


പ്രോജക്ട് സംഗ്രഹം

ഞങ്ങളുടെ ഒന്‍പതാം ക്ലാസിലെ ജീവശാസ്ത്രം പാഠപുസ്തകത്തില്‍ ആഹാരത്തിന്റ രാസമാറ്റങ്ങള്‍ എന്ന പാഠമുണ്ട്. ഈ പാഠത്തില്‍ പഴയ ആഹാരരീതിയാണോ അതോ പുതിയ ആഹാരരീതിയാണോ നല്ലത് എന്ന ഒരു സംവാദമുണ്ടായി. കാലിക്കടവിലെ ജൈവവൈവിധ്യം തദ്ദേശത്തെ ജനതയുടെ ആഹാരത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു എന്ന പരാമര്‍ശമാണ് ഈ പ്രോജക്ട് ചെയ്യുവാനുള്ള പശ്ചാത്തലം. കാലിക്കടവിലെ ജനതയുടെ 40വര്‍ഷം മുമ്പുള്ള ആഹാരത്തിലെ ഇനങ്ങളും ഇന്നുള്ള ആഹാരത്തിലെ ഇനങ്ങളും എന്തൊക്കെ എന്നു കണ്ടെത്തല്‍, പഠനപ്രദേശത്തെ ആഹാരത്തിന് സഹായകമായ ജൈവവൈവിധ്യത്തിന് 40 വര്‍ഷം കൊണ്ട് എന്തു മാറ്റം വന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍, ജൈവവൈവിധ്യത്തിലെ മാറ്റം ആഹാര രീതിയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്തല്‍, ആഹാര രീതിയിലെ മാറ്റം ഏതൊക്കെ മേഖലകളില്‍ പ്രകടമാകുന്നുവെന്ന് കണ്ടെത്തല്‍, എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍ സര്‍വ്വെ, അഭിമുഖം, നിരീക്ഷണം, ദ്വിതീയവിവരശേഖരണം എന്നിവയാണ് പഠനത്തിനായി ഉപയോഗിച്ച രീതികള്‍.


പ്രോജക്ടിന്റെ പ്രധാന കണ്ടെത്തലുകള്‍ താഴെ കൊടുക്കുന്നു.

40-വര്‍‍ഷം മുമ്പ് പഠനപ്രദേശത്ത് വളര്‍ന്നു വന്നിരുന്ന 23 തരത്തിലുള്ള ഇലക്കറികള്‍ അവിടെയുള്ളവര്‍ ആഹാരമായി ഉപയോഗിച്ചിരുന്നു. എന്നാലിന്ന് അവയില്‍ 3ഇനത്തിലുള്ള ഇലക്കറികള്‍ മാത്രമേ നാമമാത്രമായെങ്കിലും ഉപയോഗിക്കുന്നുള്ളൂ.
അവ ചീര, മുരിങ്ങ, കാബേജ്, എന്നിവയാണ്.
കാബേജ് പൂര്‍ണനായും ചീര ഭാഗികമായും മറുനാട്ടില്‍ നിന്നും വരുന്നതാണ്. നെല്ല്, ഗോതമ്പ്, ചാമ, മുത്താറി, ബാര്‍ലി എന്നിവ മുമ്പ് ധാന്യങ്ങളായി ഉപയോഗിച്ചിരുന്നു.
അന്ന് ഗോതമ്പൊഴികെ മറ്റെല്ലാം പ്രാദേശികമായി വിളയിച്ചെടുത്ത നാടായിരുന്നു പഠനപ്രദേശം.
എന്നാലിന്ന് അവയില്‍ നെല്ലുമാത്രമാണ് നാമമാത്രമായെങ്കിലും പഠനപ്രദേശത്ത് ഉത്പാദിപ്പിക്കുന്നത്.
ഉഴുന്ന്, ചെറുപയര്‍, മുതിര, വന്‍പയര്‍, വാഴപ്പഴം എന്നിവയുടെ ആവശ്യം മുമ്പ് പഠനപ്രദേശത്തുവച്ചുതന്നെ ഉത്പാദിപ്പിച്ചിരുന്നു.
എന്നാലിന്ന് ഇവയൊക്കെ മറുനാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു.
പാലിന്റെ ആവശ്യം പ്രാദേശികമായുള്ള കന്നുകാലിവളര്‍ത്തലിലൂടെ മുമ്പ് നിറവേറ്റിയിരുന്നു.
ഇന്ന് ജനങ്ങള്‍ വന്‍തോതില്‍ മില്‍മാ പാലിനെ ആശ്രയിക്കുന്നു. കന്നുകാലികളുടെ എണ്ണത്തിലുള്ള കുറവ് ഇത് സൂചിപ്പിക്കുന്നു.
പഠനവിധേയമാക്കിയ 62 കുടുംബങ്ങളില്‍ 52 പേര്‍ പണ്ട് വിവിധജോലികള്‍ ചെയ്യുന്നവരായിരുന്നു. കൃഷി, കന്നുകാലിവളര്‍ത്തല്‍, ചുണ്ണാമ്പ് നിര്‍മാണം,പായമടയല്‍ തുടങ്ങി പ്രദേശത്തിന്റെ ജൈവവൈവിധ്യം സംഭാവന ചെയ്ത തൊഴിലുകളിലായിരുന്നു അവര്‍ മുമ്പ് ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ അതില്‍ വെറും9 പേര്‍ മാത്രമാണ് പ്രാദേശിക ജൈവവൈവിധ്യത്തിലധിഷ്ഠിതമായ തൊഴില്‍ ചെയ്യുന്നുള്ളൂ.
പഞ്ഞ കര്‍ക്കിടകമാസത്തിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ അതീവ ജാഗ്രതയാണ് മുന്‍കാലങ്ങളില്‍ പഠനപ്രദേശത്തുള്ളവര്‍ കാട്ടിയിരുന്നത്. ചക്കയും മാങ്ങയും മരച്ചീനിയുമാണ് വൈവിധ്യം ഏറിയ രീതികളില്‍ അവര്‍ സംഭരിച്ചുവെച്ചത്. ചക്കയും മാങ്ങയും 7 വീതം രീതികളിലും മരച്ചീനി 4 വീതം രീതികളിലും പണ്ട് ഇവിടത്തുകാര്‍ സംഭരിച്ചിരുന്നു. പച്ചക്കറികള്‍ കൊണ്ടാട്ടമാക്കി ക്ഷാമകാലത്തേക്ക് ശേഖരിച്ചു വച്ചിരുന്നു.മാങ്ങയണ്ടികൊണ്ടുള്ള പായസവും, പഴച്ചാറുകള്‍ കൊണ്ടുണ്ടാക്കിയ മാങ്കാച്ചിയും, പുളിങ്കുരു വറുത്തതും, തൂവക്കായ വറുത്തതും, വാട്ടുകപ്പയും,വെള്ളക്കപ്പയും, തേങ്ങാപ്പിണ്ണാക്കും പണ്ട് കാലിക്കടവുകാരന്റെ ആഹാരത്തിലെ പ്രധാന ഇനങ്ങളായിരുന്നുവെന്ന് കാണാം. എന്നാലിന്ന് ക്ഷാമകാലത്തേക്ക് ഭക്ഷ്യ സാധനങ്ങള്‍ സംഭരിച്ചുവെക്കാന്‍ പഠനപ്രദേശത്തുള്ളവര്‍ ശ്രദ്ധിക്കുന്നില്ല. മറുനാടന്‍ എന്തും മാര്‍ക്കറ്റില്‍ നിന്നും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ശൈശവാഹാരമായി പണ്ട് കുട്ടികള്‍ക്ക് നല്‍കിയിരുന്നത് പഠനസ്ഥലത്തുള്ള ജൈവവൈവിധ്യം ഉപയോഗിച്ചുള്ള ആഹാരമായിരുന്നു. മുത്താറി, ഇങ്ക്, ഈന്ത് പായസം, ആട്ടിന്‍ പാല്‍ എന്നിവയായിരുന്നു അവ. എന്നാലിന്ന് വൈവിധ്യമേറിയ ടിന്‍ ആഹാരങ്ങള്‍ ആ സ്ഥാനം കയ്യടക്കിയതായി മനസ്സിലാകുന്നു. മിഠായികളും, മറ്റ് ബേക്കറി സാധനങ്ങളും ഇടനേരത്തെ ആഹാരമായി ഇന്ന് ഇവിടുത്തെ കുട്ടികള്‍ കഴിക്കുന്നു.
39 ഇനം ബേക്കറിസാധനങ്ങള്‍ ഇവിടത്ത ബേക്കറികളില്‍ വില്പനയ്ക്ക് വച്ചിരിക്കുന്നുവെന്ന് കട സര്‍വ്വെചെയ്തതു സൂചിപ്പിക്കുന്നു. പണ്ട് കുട്ടികള്‍ തികച്ചും പ്രാദേശിക ജൈവവൈവിധ്യം സംഭാവന ചെയ്ത ഇനങ്ങളാണ് ഇവയുടെസ്ഥാനത്ത് ഉപയോഗിച്ചത്. മൊട്ടാമ്പുളിയും, വാഴത്തേനും,തൂവക്കുരുവും, തേങ്ങാപ്പൊങ്ങും, തവിടും, തൊണ്ടിപ്പഴം, ഞാവല്‍, അത്തി,കാരപ്പഴങ്ങള്‍, മുത്തങ്ങക്കണ്ട, ചക്കക്കുരു, എന്നിവ ഉള്‍പ്പെട്ട 47 നാടന്‍ ഇനങ്ങള്‍ കാലിക്കടവിലെ ബാലന്‍മാരുടെ ഇഷ്ട്പ്പെട്ട ഇനങ്ങളായിരുന്നു.
 പണ്ട് 20 തരത്തിലുള്ള നാടന്‍ പാനീയങ്ങള്‍ ഇവിടുത്തുകാര്‍ ഉപയോഗച്ചിരുന്നു.എല്ലാം പ്രാദേശികമായി തയ്യാറാക്കുന്നവയും ജൈവ സ്വഭാവമുള്ളവയും ആയിരുന്നു. എന്നാലിന്ന് ഉപയോഗിക്കുന്നവയില്‍ പത്തെണ്ണം മാത്രമേ ഈയിനത്തില്‍ പെടുന്നുള്ളൂ. ഇന്ന് 6 ഇനം രാസപാനീയങ്ങള്‍ ഇവിടെ ഉപയോഗിക്കുന്നു.
കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ പണ്ട് പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി,ചുട്ടമീന്‍, കിഴങ്ങ്, പപ്പടം, മോര്, തൈര് എന്നിവയാണ് ഉപയോഗിച്ചിരുന്നത്.വൈകുന്നേരം വരെ തൊഴിലെടുത്താലും അവര്‍ ക്ഷീണം അനുഭവിച്ചിരുന്നില്ല എന്നും മനസ്സിലാകുന്നു. കിണ്വനം നടക്കുന്നതുവഴി ലഭിക്കുന്ന വര്‍ദ്ധിച്ച ഊര്‍ജ്ജമാണ് ഇതിനു കാരണം എന്ന് ദ്വിതീയ വിവരശേഖരണം തെളിയിക്കുന്നു.എന്നാല്‍ ബേക്കറി ഇനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളാണ് ഇന്ന് കാലിക്കടവിലെ തൊഴിലാളികള്‍ ഉപയോഗിക്കുന്നത്.
തൊഴില്‍ ചെയ്യുന്നതിലെ ഗുണക്കുറവിന് കാരണം ആഹാരരീതിയിലെ മാറ്റമാണെന്ന് സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നു.


പാടത്തിറങ്ങി ജോലി ചെയ്യാത്ത ഭൂപ്രഭുക്കന്‍മാര്‍ക്ക് അധികം ഊര്‍ജം ആവശ്യമില്ല. അതുകൊണ്ട് അവര്‍ ചൂടുകഞ്ഞിയും വെണ്ണയും ആഹാരത്തിലെ ഇനങ്ങളാക്കി.
പിലിക്കോട് ഹൈസ്കൂളിലെ ആകെയുള്ള 503 കുട്ടികളില്‍ 48 പേര്‍ കണ്ണട ഉപയോഗിക്കുന്നതായി മനസ്സിലാകുന്നു. ഇത് ആകെ കുട്ടികളുടെ 10% വരും.ആഹാരത്തില്‍ ജീവകം-എ സമ്പുഷ്ടമായി ലഭക്കുന്ന ഇലക്കറികള്‍ കുറഞ്ഞത് ഇതിന് കാരണമാണോ എന്ന് പരിശോധിക്കപ്പെടണം.
കാലിക്കടവിലെ ജനതയുടെ 40 വര്‍ഷം മുമ്പുള്ള ആഹാരത്തില്‍ നിന്നും ഇന്നുള്ള ആഹാരയിനങ്ങള്‍ക്ക് വന്‍ മാറ്റം സംഭവിച്ചിട്ടുണ്ട്, കാലിക്കടവിലെ ജൈവവൈവിധ്യത്തിന് 40 വര്‍ഷം കൊണ്ട് കാതലായ മാറ്റം സംഭവിച്ചിട്ടുണ്ട്,ജൈവവൈവിധ്യത്തിലെ കുറവ് തദ്ദേശവാസികളുടെ ആഹാരരീതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്, ആഹാരരീതിയിലെ മാറ്റം തൊഴില്‍,ആരോഗ്യം എന്നിവയെ ബാധിച്ചിട്ടുണ്ട്, എന്നീ നിഗമനങ്ങളിലാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്
രാസാഹാരങ്ങള്‍ ഒഴിവാക്കുക, കൃത്രിമപാനീയങ്ങള്‍ ഒഴിവാക്കുക,കാലിക്കടവിലെ ജൈവൈവിധ്യം സംരക്ഷിക്കുക, മുരിങ്ങ, പപ്പായ തുടങ്ങയ പച്ചക്കറികള്‍ വീട്ടുപറമ്പില്‍ കൃഷി ചെയ്യുക, പറമ്പുകള്‍ക്ക് അതിരുകളായി ജൈവവേലികള്‍ നിര്‍മിക്കുക, പഞ്ചായത്ത് ഭരണകൂടം പ്രത്യേകം ശ്രദ്ധകാണിച്ച് അയല്‍ക്കൂട്ടം, കുടുംബശ്രീ എന്നിവ സജീവമാക്കി പച്ചക്കറി കൃഷി വ്യാപകമാക്കുക, വീടുകള്‍ക്ക് വട്ടുനമ്പര്‍ നല്‍കുമ്പോള്‍ നിശ്ചിത എണ്ണം പപ്പായ,മുരിങ്ങ എന്നിവയുണ്ടാകണമെന്ന നിബന്ധന പഞ്ചായത്ത് ഉണ്ടാക്കുക, ചക്ക,മാങ്ങ തുടങ്ങിയ ഇനങ്ങള്‍ സുലഭമായി ലഭിക്കുന്ന കാലത്ത് സംഭരിച്ച് സൂക്ഷിച്ചുവെക്കാന്‍ സാധിക്കണം. ഇത്തരം ഉല്പന്നങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ പഞ്ചായത്തുതലത്തില്‍ സാധിക്കണം. എന്നീ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുവച്ചു.
രാസാഹാരങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികളില്‍ ബോധവല്കരണ ക്ലാസ് നടത്തി,ജൈവവൈവിധ്യം സംരക്ഷിക്കല്‍, ഇലക്കറികളുടെയും നാടന്‍ ആഹാരവസ്തുക്കളുടേയും ഉപയോഗം ഉല്പാദനം എന്നിവയ്ക്കുവേണ്ടി പോസ്റ്റര്‍ പ്രചരണം, പ്രചരണജാഥ എന്നിവ സംഘടിപ്പിച്ചു, സ്കൂള്‍മുറ്റത്ത് മിഠായി, ച്യൂയിംഗം, അച്ചാര്‍ എന്നിവ ഉപയോഗിക്കുകയോ, കൊണ്ടു വരികയോ ഇല്ലെന്ന് പ്രതിജ്ഞ ചെയ്തു, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഞങ്ങളുടെ പ്രോജക്ടിന്റെ വിശദാംശങ്ങളടങ്ങുന്നതും പഞ്ചായത്ത് അടിയന്തിരമായും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളടങ്ങുന്നതുമായ ഒരു നിവേദനം സമര്‍പ്പിച്ചു. ഇത്രയും പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടര്‍ പ്രവര്‍ത്തനമായി ഏറ്റെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ