പേജുകള്‍‌

2015, ജൂലൈ 31, വെള്ളിയാഴ്‌ച

പ്രളയം

അച്ചുതണ്ടിനു ചുറ്റും കറങ്ങി- ക്കൊണ്ടിരുന്ന ഭൂമി എപ്പൊഴോ താളം തെറ്റി അരക്കു ചുറ്റും കറങ്ങാന്‍ തുടങ്ങിയതോടെ കലിയുഗം സമാരംഭിച്ചു ഇനി പ്രളയത്തിന്റെ നാളുകള്‍

2015, ജൂലൈ 29, ബുധനാഴ്‌ച

ഡ്രോയിംഗ് ഹാള്‍ റിക്വയര്‍മെന്റ്‌സ്

ആദിവായിക്കറുപ്പുള്ള എച്ച് ബി പെന്‍സില്‍ - ഒന്ന്
പരിഷ്‌കാരത്തിന്റെ മൈക്രോടിപ്പായാല്‍ ഉത്തമം
ചെയുന്നപരാധം തുടച്ചു നീക്കാന്‍ ഡസ്റ്റ് ഫ്രീ റബ്ബര്‍
ഒരിക്കലും വളയാത്ത പൗരുഷത്തിന്‍ മിനി ഡ്രാഫ്ടര്‍
ഉറപ്പിച്ചിടാനസ്ഥികൂടം കൊണ്ടുള്ള ഡി ത്രീ ബോഡ്
മരുന്നാല്‍ വക്രിച്ച ദേഹസൃഷ്ടിക്കൊരു ഫ്രഞ്ച് കര്‍വ്
വര്‍ഗീയതയുടെ ലക്ഷ്മണ രേഖ വരക്കാന്‍ കൂര്‍ത്ത-
കാലും കറുത്ത ലെഡ്ഡുമായൊരു മുടന്തന്‍ കോമ്പസ്സ്
കുരിശിന്‍ കോണ്‍ കൃത്യമാക്കാനൊരു പ്രൊട്രാക്ടര്‍
വട്ടം പൂര്‍ത്തിയായ ജീവിതങ്ങളെ പലതരത്തില്‍
വട്ടംചുറ്റിക്കാന്‍ പോളിസികളുടെ പ്രോ സര്‍ക്കിള്‍
ദരിദ്രാശ്രുവിലലക്കി വെളുപ്പിച്ച ഡ്രോയിംഗ് ഷീറ്റ്
ബോഡിലേക്കു ചേര്‍ത്തൊട്ടിക്കാന്‍ മസാല ടേപ്പ്
മുറിച്ചെടുക്കാനൊരു പേപ്പര്‍ കട്ട്  'S' ഷേപ്പില്‍
പെങ്ങളുടെ കണ്ണീരില്‍ വിറക്കാത്ത ഹസ്തയുഗ്മം
ജീവനു മുന്നിലും സെല്‍ഫിയെടുക്കാനുള്ള മാനസം
എല്ലാമുണ്ടോ കയ്യില്‍ വരൂ ഈ ഡ്രോയിംഗ് ഹാളിലേക്ക്
ഇല്ല നിങ്ങളുടെ പക്കല്‍ പ്രൊഫഷണലിസത്തിന്റെ ഐഡി
വന്ന വഴിയേ തിരിച്ചു പോവുക ടൂള്‍സ് കളയരുത്
നെക്‌സ്റ്റ് വീക്കും ഡ്രോയിംഗ് ഹാളില്‍ വരേണ്ടതാണ്...


2015, ജൂലൈ 26, ഞായറാഴ്‌ച

കമിതാക്കള്‍

അവരാണു യഥാര്‍ത്ഥ കമിതാക്കള്‍
നൈമിഷികമായ സാമീപ്യമാണു വിധി
എങ്കിലും മറ്റൊരുത്തനാലൊരിക്കലും
തുറക്കാനാകില്ലതിന്‍ മാനസം
വേഷപ്രച്ഛന്നരായീടാതെ അറുക്കാതെ
മാംസനിബദ്ധമല്ല മന:പൊരുത്തമത്രേ
പ്രണയത്തിന്‍ വികാരമധുവാം ഗീതം
പൂട്ടും താക്കോലും എന്നോടിന്നലെ കിലു
കിലായെന്നു പറയാന്‍ ശ്രമിച്ചതിന്നു
മാത്രമെന്‍ മണ്ടയില്‍ മിന്നലായ് വന്നവ. 

2015, ജൂലൈ 25, ശനിയാഴ്‌ച

കണ്‍ഫ്യൂഷന്‍

പായുന്ന വണ്ടികളേറെയുണ്ടങ്കിലും
പാളങ്ങളൊട്ടു മാറാതെയിരിക്കവെ
പാളം മുറിച്ചു കടന്നിടാനായി ഞാന്‍
പാളത്തിലോടുന്ന വണ്ടി കയറണോ
കുത്തൊഴുക്കില്‍പ്പെട്ട തോണിയില്‍ നിന്നിതാ
കുത്തിയിരുന്നു തലചൊറിയുന്നു ഞാന്‍
മുങ്ങിത്തകരുന്ന തോണിവിട്ടിന്നു ഞാന്‍
പൊങ്ങുതേങ്ങയിലെത്തിപ്പിടിക്കണോ??

2015, ജൂലൈ 23, വ്യാഴാഴ്‌ച

തീപ്പെട്ടിക്കോല്

അറിഞ്ഞു കൊണ്ടാണെങ്കിലും സ്വജീവിതം
എരിഞ്ഞു തീര്‍ക്കാന്‍ മടിക്കാതെ ഭയക്കാതെ
ഉരഞ്ഞു കത്തുമാ തീപ്പെട്ടിക്കോലുകള്‍
കനിഞ്ഞു നല്‍കുന്നു ചൂടും വെളിച്ചവും.

ചീപ്പ്

കൂരിരുട്ടില്‍ മധു തേടിയിറങ്ങുന്ന ശലഭങ്ങളില്‍
നിന്ന് അഭയദാതാവിന്റെ ചോരയൂറ്റിക്കുടിക്കുന്ന
പേനുകളായ് വിദ്യാര്‍ത്ഥികള്‍ മാറുന്ന ലോകത്ത്
എരിഞ്ഞും വെളിച്ചം വിതറുന്ന ദീപത്തില്‍ നിന്നും
അറ്റന്‍ഡന്‍സും ഇന്റേണലും പല്ലുകളായ് ഭവിക്കും
'ചീപ്പായി' അധ്യാപകര്‍ മാറുന്നതിലെന്തത്ഭുതം.


ബലിദാനി

നൈമിഷികമാമായുസ്സിലഗ്നിധാരിയാമൊരു
തീക്കമ്പിനാകുമേ ബൃഹത്താം സാമ്രാജ്യ
സൗധങ്ങളെ ചാരമായ് മാറ്റിടാന്‍ വ്യര്‍ത്ഥമാകില്ല-
തിന്‍ ബലിദാനമൊരിക്കലും ചിത്തത്തിലര്‍ത്ഥ-
ശങ്കയില്ലാതെയാണൊരാ ധര്‍മസ്ഥാപന കൃത്യ
പൂരണമെങ്കില്‍ സര്‍വദാ.

റബ്ബര്‍

മറ്റാരൊക്കെയോ കുത്തിവരച്ച
തെറ്റുകള്‍ തുടച്ചുമായ്ക്കുവാന്‍
സ്വന്തം ജീവിതം തനിയേ തേച്ചു
പൊടിച്ചു കളയുന്നവന്‍ റബ്ബര്‍
കറുത്തു പോകുവാറുണ്ട്
പലപ്പോഴും എടുത്തുരച്ചാല്‍
വെളുത്തുതുടുത്തു നില്‍ക്കുന്നവ.

2015, ജൂലൈ 18, ശനിയാഴ്‌ച

ചപ്പില

നാം ചപ്പിലകൾ
രാവിലെ കൊഴിഞ്ഞു വീണ്
വൈകീട്ടടിച്ചു കൂട്ടപ്പെടുന്നവർ
കത്തിയെരിയേണ്ടവർ...

2015, ജൂലൈ 13, തിങ്കളാഴ്‌ച

റീകോയിൽ ഓഫ് ഗൺ

ഓരോ തവണ കാഞ്ചിവലിക്കുമ്പോഴും
പുകയുന്ന മനസോടെ
തോക്ക് നമ്മെ ഓർമപ്പെടുത്താൻ
ശ്രമിക്കുന്നു നീ ലക്ഷ്യത്തിൽ നിന്നും അകലുന്നുവെന്ന്

2015, ജൂലൈ 10, വെള്ളിയാഴ്‌ച

ക്യാമറപുഴയോരത്തും കാട്ടിലും ബീച്ചിലും
ചെന്ന് എസ് എല്‍ ആര്‍ മുതല്‍
മൊബൈല്‍ ക്യാം വരെ വച്ച്
ഫോട്ടോയെടുക്കുമ്‌പോള്‍ എന്നെ
മാത്രം ഫോക്കസാക്കി പശ്ചാത്തലം
ബ്ലര്‍ ആക്കാത്ത നീ തീരെ പ്രാക്ടിക്കലല്ല


2015, ജൂലൈ 2, വ്യാഴാഴ്‌ച

സ്‌ക്രൂ

തലയ്ക്കു കുത്തിപ്പിടിച്ച്
വട്ടംകറക്കി കുത്തിത്തിരിച്ചാലും
ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി
ബന്ധം ദൃഢമാക്കുന്നവന്‍ സ്‌ക്രൂ ....