2018, ഡിസംബർ 2, ഞായറാഴ്‌ച

ശ്.. ശ്..

അടുക്കളയിൽ ചുട്ടുപൊള്ളുന്ന
കല്ലിനു മുകളിൽ ഇത്തിരി വെള്ളം
തളിക്കുമ്പോഴും
ഉറഞ്ഞു നിൽക്കുന്ന അച്ഛനോട്
അമ്മ പറഞ്ഞതും

രണ്ടും ഒരേ ശബ്ദമായിരുന്നു...

2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

'ആപ്പൂപ്പന്‍' താടി

മാനത്തു പറന്നു പോകുന്ന അപ്പൂപ്പന്‍ -
താടികള്‍ താഴ്ന്നുവന്നുമ്മ തന്ന്
പിടിതരാതെ അകന്നുപോകുന്നത്
എങ്ങോ വേരൂന്നാന്‍ മാത്രമായിരുന്നോ?

2016, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

മണ്ണിര കണ്ട പ്രണയം

എത്രയോ അകലങ്ങളില്‍ കിളിര്‍ത്തു
തളിര്‍ത്ത മാമരങ്ങള്‍, കാറ്റിലൂടെയും
കിളിയിലൂടെയും പ്രേമ ലേഖനങ്ങള്‍
കൈമാറുന്നവ, മണ്ണിന്നടിയില്‍ വേരുകള്‍
കൊണ്ട് കെട്ടിപ്പിടിച്ചു അനുഭൂതികള്‍
കൈമാറുകയാണെന്നു മണ്ണിര.

2016, സെപ്റ്റംബർ 24, ശനിയാഴ്‌ച

ഉറക്കം

ഉറക്കമില്ലാത്തവനറിയില്ല ഉറക്കത്തിൻ  വില
ഉറക്കമുള്ളവനത് തീരേ അറിയില്ല
അതറിയുന്നവന്ന് അത് ഉറക്കമേയല്ല
'ഞാന്‍' 'എന്നില്‍' ലയിക്കുന്ന വേള,

2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

ലൈംഗിക അരാചകത്വവും പരിഹാര മാര്‍ഗ്ഗങ്ങളും

ഒരു പക്ഷേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏറ്റവും വലിയ ഭരണ നേട്ടം ഇതായിരിക്കും.
1) ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ കാണുന്ന സ്ത്രീകളുള്ള സംസ്ഥാനം കേരളമാണെന്ന് സര്‍വേ.
2) അമേരിക്കയിലെയും ജര്‍മനിയിലെയും ഇന്‍റര്‍നെറ്റ് സ്ഥാപനങ്ങള്‍ പോണ്‍ഹബ്ബ് പോലുള്ള സൈറ്റുകളുമായി സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിവായത്. രാജ്യങ്ങളുടെ കാര്യത്തില്‍ എണ്ണംകൊണ്ട് ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനവുമുണ്ട്.( http://www.asianetnews.tv/…/kerala-top-of-table-watch-porn-… )
ഇവിടെ പ്രായഭേദമന്യെ ഒരു വയസ്സു മുതല്‍ 90 വയസ്സുവരെ പ്രായമുള്ള സ്ത്രീജനങ്ങള്‍ ലൈംഗിക-രതി വൈകൃതങ്ങള്‍ക്ക് പാത്രമാകുന്ന പരിതസ്ഥിതിയില്‍ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വിപ്ലവം സൃഷ്ടിക്കുന്ന ഫെമിനിച്ചിമാരും, അതുപോലെ അതിനേക്കാളേറെ വികാരഭരിതരായി ഓണ്ടലൈന്‍ പ്രക്ഷോഭം നടത്തുന്ന പുരുഷ കേസരികളും തന്നെയാണ്. കേരളത്തിനും ഇന്ത്യയ്ക്കും ഒളിമ്പിക്‌സില്‍ നേടാനാകാത്ത വിജയം ഈ രംഗത്ത് നേടിക്കൊടുത്തത് എന്നതും അവിസ്മരണീയം തന്നെ.
അതായത് അരങ്ങേറിക്കൊണ്ടിരിക്കുന്ന പീഡന പരമ്പരകളുടെ വക്താക്കളും പ്രചാരകരും നാം തന്നെയാണ്.
ഇതിന് ശാശ്വതമായ പരിഹാരമാണ് ലക്ഷ്യമെങ്കില്‍ രണ്ടു മാര്‍ഗ്ഗങ്ങളാണുള്ളത്‌.
പ്രഥമമായത്‌ സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ചാര്‍ലി തോമസ്സിനേയും, അമീറുളിനെയും പോലുള്ളവരെ മാതൃകാപരവും സമയബന്ധിതവും ആയി ശിക്ഷിക്കുക എന്നതാണ്. അതായത് അതുളവാക്കുന്ന ഭയവും, പ്രത്യാഘാതത്തെ കുറിച്ചുള്ള ചിന്തയും ഒരുവനെ ഇത്തരം കൃത്യങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചേക്കാം.എന്നാലിത് സ്ഥായിയല്ല.
ദ്വിതീയവും ശാശ്വതവുമായ മാര്‍ഗ്ഗം സ്വാമി (Swami Satswaroopananda Saraswathi) പറഞ്ഞതു പോലെ യമവും, ദമവും വ്രതമാക്കിക്കൊണ്ടുള്ള ഒരു ജീവിതചര്യ നാം പിന്‍തുടരുകയും, പരിശീലിക്കുകയും വേണം.
സകല പ്രശ്‌നങ്ങളുമുത്ഭവിക്കുന്നത് ഒരുവന്റെ മനസ്സില്‍ നിന്നാണെന്നും, ആയതിനാല്‍ മനസ്സിനും, ഇന്ദ്രിയങ്ങള്‍ക്കും മേലെ വിവേകത്തിന്റെ കടിഞ്ഞാണിട്ടുകൊണ്ട് പ്രശ്‌നത്തെ അതിന്റെ ഉറവിടത്തില്‍ തന്നെ നശിപ്പിക്കുന്ന സങ്കേതമാണിത്.