പേജുകള്‍‌

2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

പ്രാക്ക്

നെഗറ്റീവില്‍ നിന്നും പോസിറ്റീവിലേക്ക്
നില്‍ക്കാതെ പാഞ്ഞിട്ടും കരണ്ട്
ആ വഴിക്കല്ലാത്തതുകൊണ്ട്
നിരാശരായ ഇലക്ട്രോണുകളുടെ
പ്രാക്കേറ്റിട്ടാണത്രെ ബാറ്ററി മരിക്കുന്നത്

2015, സെപ്റ്റംബർ 26, ശനിയാഴ്‌ച

പ്രേതാലയ ചിന്തകള്‍നിഴലില്‍ കഥയെഴുതുന്നവന്റെ
ചെവിയില്‍ അലയടിക്കുന്നുണ്ട്
ചീവീടിന്റെ കിരു കിരുപ്പുകള്‍
   ഇല്ലാമുലപ്പാലു ചപ്പിയിറക്കുവാന്‍
  ഇല്ലത്തെയുണ്ണികള്‍ മത്സരിച്ചീടവേ
  പൊട്ടിത്തെറിക്കുവാന്‍ ചൂടെണ്ണനോക്കി
  കാത്തു മടുത്തു മുളച്ചൂ കടുകുകള്‍
നനയാക്കറി പുരണ്ട്, ചീഞ്ഞ്
നാറുന്നുണ്ട് ചോറ്റു പാത്രത്തിലെ
അക്ഷര വറ്റുകള്‍, അക്ഷയമായവ
   ചിലന്തികള്‍, അവരാണ് ജീവികള്‍
   അടിച്ചിറക്കിയാലും തിരിച്ചു വന്ന്
   വല നെയ്യുന്ന പൈതൃകം
ചിതലുകള്‍, മണ്ണോടു ചേര്‍ക്കാ-
നുയിര്‍ കൊടുക്കുന്നവര്‍, പണ്ടെന്നോ
തപസ്സിനിരുന്നൊരാക്കള്ളനെ
മാമുനിയാക്കിയത്, നാം ചെങ്കോട്ട-
പടുത്തുയര്‍ത്തിയാണെന്നിന്നും
ഉറക്കെയുറക്കെ പറഞ്ഞു നടക്കുവോര്‍
  വവ്വാലുകള്‍, ഇടയ്കിടയ്ക്കെത്തി
  തലതിരിഞ്ഞ് പിടിച്ചു തൂങ്ങി
  ഇരുളില്‍ മാത്രമിര പടിക്കുന്നവര്‍

പല്ലിവാല്‍ :-
 "പേടിയുണ്ടീ പഴകിയ വീട്ടിലിന്നേ-
 കനായിങ്ങനെ ചിന്തിച്ചിരിക്കുവാന്‍
 തകര്‍ന്നു വീണിടാം "ഉത്തര"മെപ്പൊഴും
 തലമണ്ട പൊട്ടിയെന്‍ ചോരതെറിച്ചിടാം."

2015, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

ഹോമദ്രവ്യം

നെഞ്ചി‌‌ടിക്കുന്നുണ്ട്..
തൊണ്ട വരളുന്നുണ്ട്..
വാക്കുകള്‍ തീയിലെ
പുകപോലെയുയരുന്നു..
പി‌ടിതരാതെ, കണ്ണില്‍
നീരു നിറച്ചുടന്‍....

ഹോമാഗ്നി ഉയര്‍ന്നു-
കഴിഞ്ഞു, എരിയുന്നു
ചുടുകട്ടകള്‍ ചുറ്റിലും.
എരിഞ്ഞുറഞ്ഞി‌ട്ടുണ്ട്
തീച്ചൂളയില്‍ പലവുരു-
വെങ്കിലുമിതസഹ്യം

നറു നെയ്യു പകരേണ്ട
ഹോമാഗ്നിയിലെങ്ങനെ
രക്തനീതാര്‍ച്ചന ചെയ്തിടും.
നിലയ്ക്കാത്തതെന്തേ...
മിടിക്കുമെന്‍ കിനാവുകള്‍?

വിധി വിധിക്കപ്പെടേണ്ടതല്ല
വിധിക്കപ്പെട്ടിടിടുള്ളതുമല്ല
വിധി വിധിക്കപ്പെടുന്നത്
വിധേയര്‍ക്കു മാത്രമാണ്..

പല്ലിവാല്‍ :-
വന്നു ചേരുമോ ഹോമദ്രവ്യമായ്
എരിയുമെന്നിലേക്കന്നു നീ...???
അല്ലയെങ്കിലൊന്നാഞ്ഞു നോക്കി‌ടും
ചാമ്പലായി ഞാന്‍ മാറിടും.......

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

റോൾ മോഡൽ

ചവിട്ടിയമർത്തിയിട്ടും
തേച്ചുരച്ചു തയച്ചിട്ടും
അകത്തു കയറ്റാതെ
ഉമ്മറത്തു വെക്കുന്ന
ചെരുപ്പാവണോ എന്റെ
റോൾ മോഡൽ.

2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

റിയാക്ഷൻ

അറുത്തെറിയാൻ പറഞ്ഞ
ചരടുകൾ ബന്ധങ്ങളുടേതല്ല
പടുത്തുയർത്താൻ പറഞ്ഞത്
മതിലുകളായിരുന്നില്ല..
ത്യജിക്കാൻ പറഞ്ഞത്
സംസ്ക്കാരമായിരുന്നില്ല
ഒഴുക്കാൻ പറഞ്ഞത്
ചുടുചോരയായിരുന്നില്ല..
കെട്ടിയിടാൻ പറഞ്ഞത്
സ്വാതന്ത്ര്യത്തെയുമല്ല.

2015, സെപ്റ്റംബർ 19, ശനിയാഴ്‌ച

വയറു നിറഞ്ഞോ??

മനസ്സിൻ ചുള്ളിക്കമ്പുകൾ കൂട്ടി
സ്വപ്നത്തിന്നരി വേവിച്ചിട്ട്
ആദർശത്തിന്നുപ്പും ചേർത്ത്
നിങ്ങൾ കഞ്ഞി കുടിച്ചപ്പോൾ
തെങ്ങിൻ ചോട്ടിൽ ചാരം പോലെ
മണ്ണായ് ചേർന്നത് ഞാനാണേ ...

പരിഭവം

നിറങ്ങൾക്കുമുണ്ട് പരിഭവങ്ങൾ
പറയാൻ നിറം മാറുന്ന
ഓന്തുകൾക്ക്‌ നിറം പതിച്ചു
നൽകിയ മനുഷ്യരോട്‌

ഇ എം ഐ

കമ്പിച്ചുരുളിലേക്ക് കാന്തം ഊർന്നിറങ്ങുവേ
ഉൽപാദിതമാകുന്ന ഒരു വിദ്യുത് സ്ഫുരണമല്ല പ്രണയം..

സിബ്ബ്

ഇരു പക്ഷങ്ങളെ യോജിപ്പിക്കാനുള
ഓട്ടം മാത്രം ജീവിതമായുള്ളവൻ
അതിനായ് നിരന്തരം പിടിവലികൾ
സഹിക്കേണ്ടി വരുന്നവൻ, അകന്നു
നിന്നവരില്ല, അകത്തി നിർത്തിയവരില്ല
പണ്ടാരം സിബ്ബ് പൊട്ടിയെന്ന പ്രാക്കു
മാത്രം യാത്രാമൊഴിയായ് ലഭിപ്പവൻ.

രക്ഷാബന്ധൻ

പെങ്ങളെ പെങ്ങളായ്
കാണാൻ ചരടെന്തിനെന്ന്
ചോദിക്കുന്നവരെ നോക്കി
പല്ലിളിക്കുന്നുണ്ടാവണം
അമ്മയുടെ കെട്ടുതാലിയും
കയ്യിലണിയിച്ച മോതിരവും.

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

കീശ

തണുപ്പിച്ച ചില്ലുകൂട്ടിനകത്ത്
"ബാക്ടീരിയ കോൺഷ്യസായി"
നെഞ്ചിടിപ്പിന്റെ താളത്തിനായ്
കാത്തു നിൽക്കുന്നവരുടെ ഇടയിൽ
നോട്ടിന്റെ ചുവപ്പിന് ചോരച്ചു -
വപ്പിനേക്കാൾ മാനം നൽകുന്ന
സ്റ്റെതസ്ക്കോപ്പിനാൽ കീശയളക്കും
അയാളെ ഹൃദയത്തിന്റെ താളം
കേൾപ്പിക്കാനാകണം പണ്ടു
മുതൽക്കേ കീശ ഹൃദയപക്ഷത്ത്
സ്ഥാനം ചോദിച്ചു വാങ്ങിയത്.