2015, ഡിസംബർ 24, വ്യാഴാഴ്‌ച

ഉപ്പുമാങ്ങ

പഴുക്കാനനുവദിക്കാതെ എറിഞ്ഞിടും
ചെങ്കോലാല്‍ ഞെട്ടറ്റു വീഴ്ത്തിടുമല്ലായ്കില്‍
പൊള്ളിക്കുവാനെ ചെന ഇറ്റിറ്റു വീണു
പടരുന്നു കാലുറപ്പിച്ചൊരീ മണ്ണില്‍

സുദീര്‍ഘമാം വക്ര വദനരാണത്രേ മെച്ചം
സുമുഖരം നിമിഷാത്മാക്കളേക്കാളേറെ
ചുറ്റിലും ചുട്ടെടുത്ത മണ്ണിന്‍ തടവറ
ആര്‍ത്തു ചുംബിച്ചിടുമുപ്പിന്‍ പരലുകള്‍
ചോരയും നീരുമൂറ്റി വലിച്ചു കുടിച്ചിടും
ചുരുങ്ങിടും നാം, കലര്‍ന്നിടും അല്ല്ലല്ല
കലര്‍ത്തിടും രണത്തില്‍ വിഷവിപ്ലവ-
ബീജവും, കണ്ണീര്‍ കുറുക്കിയൊരുപ്പുുമല്പം.

നിങ്ങള്‍ നാളെയുടെ വാഗ്ദാനങ്ങള്‍ ധീര-
ദേശാഭിമാനികള്‍, അപ്പോഴുമെച്ചിലിലയുടെ
മൂലയ്ക്കിളഭ്യനായ് നില്പ്പുണ്ട് ഊമ്പിവിട്ട
വിപ്ലവത്തിന്റെ മാങ്ങയണ്ടികള്‍

നാടിന്നു തണലാകേണ്ട വിത്തുകള്‍
ഉണ്ണിക്കു മാമ്പഴം നല്‍കേണ്ട മാവുകള്‍
വന്ധ്യരാം വിത്തുകളെന്തിനീ മണ്ണിന്റെ
മാറില്‍ വിതയ്ക്കുന്നതിന്നു നാം...

2015, ഡിസംബർ 11, വെള്ളിയാഴ്‌ച

ലെയ്ത്ത്

"പൊടി"തട്ടി "എണ്ണ"മുക്കി നിന്നെ
മാറോടണക്കാതെ "വാലോ"ടണക്കവേ
നിശ്ചയം ചിന്തിച്ചിരുന്നു ഞാന്‍
എന്നിലേക്കു വീണ്ടും വന്നണഞ്ഞ്
കറങ്ങുന്ന ജീവിതത്തില്‍ നീ
കണിശമാത്രാ കൊത്തിവെച്ചിടും
ആയുസ്സിന്‍ പ്രേമ ദാരുശില്പവും
കണ്ണീരില്‍ കുതിര്‍ന്ന ചായില്യവും.

2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

പ്രാക്ക്

നെഗറ്റീവില്‍ നിന്നും പോസിറ്റീവിലേക്ക്
നില്‍ക്കാതെ പാഞ്ഞിട്ടും കരണ്ട്
ആ വഴിക്കല്ലാത്തതുകൊണ്ട്
നിരാശരായ ഇലക്ട്രോണുകളുടെ
പ്രാക്കേറ്റിട്ടാണത്രെ ബാറ്ററി മരിക്കുന്നത്

2015, സെപ്റ്റംബർ 26, ശനിയാഴ്‌ച

പ്രേതാലയ ചിന്തകള്‍



നിഴലില്‍ കഥയെഴുതുന്നവന്റെ
ചെവിയില്‍ അലയടിക്കുന്നുണ്ട്
ചീവീടിന്റെ കിരു കിരുപ്പുകള്‍
   ഇല്ലാമുലപ്പാലു ചപ്പിയിറക്കുവാന്‍
  ഇല്ലത്തെയുണ്ണികള്‍ മത്സരിച്ചീടവേ
  പൊട്ടിത്തെറിക്കുവാന്‍ ചൂടെണ്ണനോക്കി
  കാത്തു മടുത്തു മുളച്ചൂ കടുകുകള്‍
നനയാക്കറി പുരണ്ട്, ചീഞ്ഞ്
നാറുന്നുണ്ട് ചോറ്റു പാത്രത്തിലെ
അക്ഷര വറ്റുകള്‍, അക്ഷയമായവ
   ചിലന്തികള്‍, അവരാണ് ജീവികള്‍
   അടിച്ചിറക്കിയാലും തിരിച്ചു വന്ന്
   വല നെയ്യുന്ന പൈതൃകം
ചിതലുകള്‍, മണ്ണോടു ചേര്‍ക്കാ-
നുയിര്‍ കൊടുക്കുന്നവര്‍, പണ്ടെന്നോ
തപസ്സിനിരുന്നൊരാക്കള്ളനെ
മാമുനിയാക്കിയത്, നാം ചെങ്കോട്ട-
പടുത്തുയര്‍ത്തിയാണെന്നിന്നും
ഉറക്കെയുറക്കെ പറഞ്ഞു നടക്കുവോര്‍
  വവ്വാലുകള്‍, ഇടയ്കിടയ്ക്കെത്തി
  തലതിരിഞ്ഞ് പിടിച്ചു തൂങ്ങി
  ഇരുളില്‍ മാത്രമിര പടിക്കുന്നവര്‍

പല്ലിവാല്‍ :-
 "പേടിയുണ്ടീ പഴകിയ വീട്ടിലിന്നേ-
 കനായിങ്ങനെ ചിന്തിച്ചിരിക്കുവാന്‍
 തകര്‍ന്നു വീണിടാം "ഉത്തര"മെപ്പൊഴും
 തലമണ്ട പൊട്ടിയെന്‍ ചോരതെറിച്ചിടാം."

2015, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

ഹോമദ്രവ്യം

നെഞ്ചി‌‌ടിക്കുന്നുണ്ട്..
തൊണ്ട വരളുന്നുണ്ട്..
വാക്കുകള്‍ തീയിലെ
പുകപോലെയുയരുന്നു..
പി‌ടിതരാതെ, കണ്ണില്‍
നീരു നിറച്ചുടന്‍....

ഹോമാഗ്നി ഉയര്‍ന്നു-
കഴിഞ്ഞു, എരിയുന്നു
ചുടുകട്ടകള്‍ ചുറ്റിലും.
എരിഞ്ഞുറഞ്ഞി‌ട്ടുണ്ട്
തീച്ചൂളയില്‍ പലവുരു-
വെങ്കിലുമിതസഹ്യം

നറു നെയ്യു പകരേണ്ട
ഹോമാഗ്നിയിലെങ്ങനെ
രക്തനീതാര്‍ച്ചന ചെയ്തിടും.
നിലയ്ക്കാത്തതെന്തേ...
മിടിക്കുമെന്‍ കിനാവുകള്‍?

വിധി വിധിക്കപ്പെടേണ്ടതല്ല
വിധിക്കപ്പെട്ടിടിടുള്ളതുമല്ല
വിധി വിധിക്കപ്പെടുന്നത്
വിധേയര്‍ക്കു മാത്രമാണ്..

പല്ലിവാല്‍ :-
വന്നു ചേരുമോ ഹോമദ്രവ്യമായ്
എരിയുമെന്നിലേക്കന്നു നീ...???
അല്ലയെങ്കിലൊന്നാഞ്ഞു നോക്കി‌ടും
ചാമ്പലായി ഞാന്‍ മാറിടും.......

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

റോൾ മോഡൽ

ചവിട്ടിയമർത്തിയിട്ടും
തേച്ചുരച്ചു തയച്ചിട്ടും
അകത്തു കയറ്റാതെ
ഉമ്മറത്തു വെക്കുന്ന
ചെരുപ്പാവണോ എന്റെ
റോൾ മോഡൽ.

2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

റിയാക്ഷൻ

അറുത്തെറിയാൻ പറഞ്ഞ
ചരടുകൾ ബന്ധങ്ങളുടേതല്ല
പടുത്തുയർത്താൻ പറഞ്ഞത്
മതിലുകളായിരുന്നില്ല..
ത്യജിക്കാൻ പറഞ്ഞത്
സംസ്ക്കാരമായിരുന്നില്ല
ഒഴുക്കാൻ പറഞ്ഞത്
ചുടുചോരയായിരുന്നില്ല..
കെട്ടിയിടാൻ പറഞ്ഞത്
സ്വാതന്ത്ര്യത്തെയുമല്ല.

2015, സെപ്റ്റംബർ 19, ശനിയാഴ്‌ച

വയറു നിറഞ്ഞോ??

മനസ്സിൻ ചുള്ളിക്കമ്പുകൾ കൂട്ടി
സ്വപ്നത്തിന്നരി വേവിച്ചിട്ട്
ആദർശത്തിന്നുപ്പും ചേർത്ത്
നിങ്ങൾ കഞ്ഞി കുടിച്ചപ്പോൾ
തെങ്ങിൻ ചോട്ടിൽ ചാരം പോലെ
മണ്ണായ് ചേർന്നത് ഞാനാണേ ...

പരിഭവം

നിറങ്ങൾക്കുമുണ്ട് പരിഭവങ്ങൾ
പറയാൻ നിറം മാറുന്ന
ഓന്തുകൾക്ക്‌ നിറം പതിച്ചു
നൽകിയ മനുഷ്യരോട്‌

ഇ എം ഐ

കമ്പിച്ചുരുളിലേക്ക് കാന്തം ഊർന്നിറങ്ങുവേ
ഉൽപാദിതമാകുന്ന ഒരു വിദ്യുത് സ്ഫുരണമല്ല പ്രണയം..

സിബ്ബ്

ഇരു പക്ഷങ്ങളെ യോജിപ്പിക്കാനുള
ഓട്ടം മാത്രം ജീവിതമായുള്ളവൻ
അതിനായ് നിരന്തരം പിടിവലികൾ
സഹിക്കേണ്ടി വരുന്നവൻ, അകന്നു
നിന്നവരില്ല, അകത്തി നിർത്തിയവരില്ല
പണ്ടാരം സിബ്ബ് പൊട്ടിയെന്ന പ്രാക്കു
മാത്രം യാത്രാമൊഴിയായ് ലഭിപ്പവൻ.

രക്ഷാബന്ധൻ

പെങ്ങളെ പെങ്ങളായ്
കാണാൻ ചരടെന്തിനെന്ന്
ചോദിക്കുന്നവരെ നോക്കി
പല്ലിളിക്കുന്നുണ്ടാവണം
അമ്മയുടെ കെട്ടുതാലിയും
കയ്യിലണിയിച്ച മോതിരവും.

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

കീശ

തണുപ്പിച്ച ചില്ലുകൂട്ടിനകത്ത്
"ബാക്ടീരിയ കോൺഷ്യസായി"
നെഞ്ചിടിപ്പിന്റെ താളത്തിനായ്
കാത്തു നിൽക്കുന്നവരുടെ ഇടയിൽ
നോട്ടിന്റെ ചുവപ്പിന് ചോരച്ചു -
വപ്പിനേക്കാൾ മാനം നൽകുന്ന
സ്റ്റെതസ്ക്കോപ്പിനാൽ കീശയളക്കും
അയാളെ ഹൃദയത്തിന്റെ താളം
കേൾപ്പിക്കാനാകണം പണ്ടു
മുതൽക്കേ കീശ ഹൃദയപക്ഷത്ത്
സ്ഥാനം ചോദിച്ചു വാങ്ങിയത്.


2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച

കാക്ക പറഞ്ഞത്‌

ആകാശത്തില്‍ പറന്നു നടക്കുവേ
വിശ്രമിക്കാന്‍ ഇലക്ട്രിക്ക് ലൈനുകള്‍
മാത്രമുള്ള ഈ കാലത്ത് അതിന്‍മേലി-
രിക്കുന്ന നേരത്ത് ഒരൊറ്റ കമ്പിയില്‍
കാലുറപ്പിക്കേണ്ടതെന്തിനെന്നു പറഞ്ഞു
തന്നത് കാക്കകളും വവ്വാലുകളുമാണ്.

2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

വിജ്രംഭിച്ച സ്വപ്‌നം...

          ഇതൊരു സ്വപ്‌നമാണ്..... സോ  കഥയില്‍ ചോദ്യമില്ല.......

ഒരു ചുകന്ന വോള്‍വോ ബസ്സ്... അതില്‍ നിര്‍ത്താതെയലടിക്കുന്ന പാശ്ചാത്യ സംഗീതം.... പുറത്ത് നല്ല തണുപ്പുണ്ട് കട്ടിയുള്ള ഒരു സ്വെറ്ററും മഫ്‌ളറും ഒരു സണ്‍ഗ്ലാസും ധരിച്ചിട്ടുണ്ട്.. സ്വപ്‌നത്തിലെന്തിനാ അതിനായോരു കുറവ്  ആക്ചലി എന്റെ ഗ്ലാമറു കണ്ടിട്ട് എനിക്കു തന്നെ ഒരു രോമാഞ്ചം വരുന്നു... അങ്ങനെ ആ വോള്‍വോ ബസ്സ് പ്രസിദ്ധമായ ഒരു വെള്ളച്ചാട്ടത്തിനടുത്തു നിന്നു... എങ്ങും മഞ്ഞു പൊഴിഞ്ഞു കിടക്കുന്നു... വെള്ളച്ചാട്ടത്തില്‍ നിന്നും ചാടുന്ന വെള്ളം അപ്പോള്‍ തന്നെ തണുത്ത് അവിടെ കൂറ്റന്‍ എസ് പാളികളായി തൂങ്ങി നില്‍ക്കുന്നു... എന്റെ ഒപ്പമുള്ള കുറേ ആളുകള്‍ സ്‌കേറ്റ് ചെയ്യുന്നുണ്ട്.... താഴേക്കു വീഴാതെ ഐസായിക്കിടക്കുന്ന മഞ്ഞുപാളികളുടെ അഗ്രഭാഗത്തു കൂടെ വരെ ചിലര്‍ സാഹസികമായി സ്‌കേറ്റിംഗ് നടതതുന്നുണ്ട്.... പെട്ടെന്നാണ് എനിക്ക് മൂത്രമൊഴിക്കാന്‍ തോന്നിയത്... നാട്ടിലെ സ്വഭാവ പ്രകാരം പൈന്‍ മരങ്ങളുടെയും കുറ്റിക്കാടിന്റെയും മറവില്‍ ആരും കാണാതെ ഞാന്‍ പുറം തിരിഞ്ഞു നിന്ന് കാര്യം സാധിക്കാന്‍ തുടങ്ങി... ചെറുപ്പത്തില്‍ സ്‌കൂളില്‍ നിന്ന് ഏറ്റവും കൂടുതല്‍ റേഞ്ച് കവര്‍ ചെയ്യുന്നവന്‍ വിജയിക്കുന്ന ആ കളിയെയും പ്ലസ്സ് വണ്‍ ഫിസിക്‌സിലെ ഹൊറിസോണ്ടല്‍ പ്രോജക്ഷന് മാക്‌സിമം റേഞ്ച് കിട്ടാനുള്ള കണ്ടീഷനായ ആംഗിള്‍ ഓഫ് പ്രൊജക്ഷന്‍ ഈക്വല്‍ റ്റു 45 ഡിഗ്രീ എന്ന   തീയറിയെയും മനസ്സീല്‍ ഉറപ്പിച്ച് ഞാന്‍ പരുപാടി തുടങ്ങി... പരാബോളിക്ക് പാത്ത് ഫോളോ ചെയ്തു കൊണ്ട് മൂത്രം പുറത്തേക്കു പോകുന്ന സമയത്താണതു സംഭവിച്ചത്... വെള്ളച്ചാട്ടത്തിനു സംഭവിച്ചതു പോലെ മൂത്ര സഞ്ചി മുതല്‍ ഒഴിച്ച മൂത്രത്തിന്റെ ആദ്യ കണിക നിലത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നില്‍ക്കുന്ന ആ പോയിന്റ് വരെ മൂത്രം ഐസ്  ആയി
 മാറിയിരിക്കുന്നു.... അതു കൊണ്ട് സിബ്ബിടാനും പറ്റുന്നില്ല ... ആകെ കെണിഞ്ഞ പോലെയായി...  ആ സോളിഡ്ഡ് ബാര്‍ പൊട്ടിച്ചു കളയാനുള്ള ശ്രമമായി പിന്നെ... അത് ശരീരാന്തര്‍ഭാഗങ്ങളിലുരഞ്ഞ്  അടിവയര്‍ മുതല്‍ നെഞ്ചിന്‍കൂടു വരെ കത്തുന്ന വേദന... ഒടുവില്‍ ആ ശ്രമം ഉപേക്ഷിച്ച് കഴുത്തിലുണ്ടായ തുണിയെടുത്ത് ഉടുത്ത് ബസ്സില്‍ കയറി എഞ്ചിന്‌റെ അടുത്തോ മറ്റോ ഇരിക്കാം ന്നു കരുതി അതെടുത്തുടുത്തു നോക്കി.... കഥകളിക്കു കച്ച കെട്ടിയ മാതിരി മുന്നിലൊരു പൊന്തിച്ച.... അപ്പോഴാണ് ബസ്സ് ഉച്ചത്തില്‍ ഹോണടിച്ചുകൊണ്ട് പോകാറായെന്ന സന്ദേശം തന്നത്... അപ്പോഴേക്കും ഒറക്കത്തിന്നു ഞാന്‍ എണീറ്റിറ്റു ഛെ ഛെ

2015, ജൂലൈ 31, വെള്ളിയാഴ്‌ച

പ്രളയം

അച്ചുതണ്ടിനു ചുറ്റും കറങ്ങി- ക്കൊണ്ടിരുന്ന ഭൂമി എപ്പൊഴോ താളം തെറ്റി അരക്കു ചുറ്റും കറങ്ങാന്‍ തുടങ്ങിയതോടെ കലിയുഗം സമാരംഭിച്ചു ഇനി പ്രളയത്തിന്റെ നാളുകള്‍

2015, ജൂലൈ 29, ബുധനാഴ്‌ച

ഡ്രോയിംഗ് ഹാള്‍ റിക്വയര്‍മെന്റ്‌സ്

ആദിവായിക്കറുപ്പുള്ള എച്ച് ബി പെന്‍സില്‍ - ഒന്ന്
പരിഷ്‌കാരത്തിന്റെ മൈക്രോടിപ്പായാല്‍ ഉത്തമം
ചെയുന്നപരാധം തുടച്ചു നീക്കാന്‍ ഡസ്റ്റ് ഫ്രീ റബ്ബര്‍
ഒരിക്കലും വളയാത്ത പൗരുഷത്തിന്‍ മിനി ഡ്രാഫ്ടര്‍
ഉറപ്പിച്ചിടാനസ്ഥികൂടം കൊണ്ടുള്ള ഡി ത്രീ ബോഡ്
മരുന്നാല്‍ വക്രിച്ച ദേഹസൃഷ്ടിക്കൊരു ഫ്രഞ്ച് കര്‍വ്
വര്‍ഗീയതയുടെ ലക്ഷ്മണ രേഖ വരക്കാന്‍ കൂര്‍ത്ത-
കാലും കറുത്ത ലെഡ്ഡുമായൊരു മുടന്തന്‍ കോമ്പസ്സ്
കുരിശിന്‍ കോണ്‍ കൃത്യമാക്കാനൊരു പ്രൊട്രാക്ടര്‍
വട്ടം പൂര്‍ത്തിയായ ജീവിതങ്ങളെ പലതരത്തില്‍
വട്ടംചുറ്റിക്കാന്‍ പോളിസികളുടെ പ്രോ സര്‍ക്കിള്‍
ദരിദ്രാശ്രുവിലലക്കി വെളുപ്പിച്ച ഡ്രോയിംഗ് ഷീറ്റ്
ബോഡിലേക്കു ചേര്‍ത്തൊട്ടിക്കാന്‍ മസാല ടേപ്പ്
മുറിച്ചെടുക്കാനൊരു പേപ്പര്‍ കട്ട്  'S' ഷേപ്പില്‍
പെങ്ങളുടെ കണ്ണീരില്‍ വിറക്കാത്ത ഹസ്തയുഗ്മം
ജീവനു മുന്നിലും സെല്‍ഫിയെടുക്കാനുള്ള മാനസം
എല്ലാമുണ്ടോ കയ്യില്‍ വരൂ ഈ ഡ്രോയിംഗ് ഹാളിലേക്ക്
ഇല്ല നിങ്ങളുടെ പക്കല്‍ പ്രൊഫഷണലിസത്തിന്റെ ഐഡി
വന്ന വഴിയേ തിരിച്ചു പോവുക ടൂള്‍സ് കളയരുത്
നെക്‌സ്റ്റ് വീക്കും ഡ്രോയിംഗ് ഹാളില്‍ വരേണ്ടതാണ്...


2015, ജൂലൈ 26, ഞായറാഴ്‌ച

കമിതാക്കള്‍

അവരാണു യഥാര്‍ത്ഥ കമിതാക്കള്‍
നൈമിഷികമായ സാമീപ്യമാണു വിധി
എങ്കിലും മറ്റൊരുത്തനാലൊരിക്കലും
തുറക്കാനാകില്ലതിന്‍ മാനസം
വേഷപ്രച്ഛന്നരായീടാതെ അറുക്കാതെ
മാംസനിബദ്ധമല്ല മന:പൊരുത്തമത്രേ
പ്രണയത്തിന്‍ വികാരമധുവാം ഗീതം
പൂട്ടും താക്കോലും എന്നോടിന്നലെ കിലു
കിലായെന്നു പറയാന്‍ ശ്രമിച്ചതിന്നു
മാത്രമെന്‍ മണ്ടയില്‍ മിന്നലായ് വന്നവ. 

2015, ജൂലൈ 25, ശനിയാഴ്‌ച

കണ്‍ഫ്യൂഷന്‍

പായുന്ന വണ്ടികളേറെയുണ്ടങ്കിലും
പാളങ്ങളൊട്ടു മാറാതെയിരിക്കവെ
പാളം മുറിച്ചു കടന്നിടാനായി ഞാന്‍
പാളത്തിലോടുന്ന വണ്ടി കയറണോ
കുത്തൊഴുക്കില്‍പ്പെട്ട തോണിയില്‍ നിന്നിതാ
കുത്തിയിരുന്നു തലചൊറിയുന്നു ഞാന്‍
മുങ്ങിത്തകരുന്ന തോണിവിട്ടിന്നു ഞാന്‍
പൊങ്ങുതേങ്ങയിലെത്തിപ്പിടിക്കണോ??

2015, ജൂലൈ 23, വ്യാഴാഴ്‌ച

തീപ്പെട്ടിക്കോല്

അറിഞ്ഞു കൊണ്ടാണെങ്കിലും സ്വജീവിതം
എരിഞ്ഞു തീര്‍ക്കാന്‍ മടിക്കാതെ ഭയക്കാതെ
ഉരഞ്ഞു കത്തുമാ തീപ്പെട്ടിക്കോലുകള്‍
കനിഞ്ഞു നല്‍കുന്നു ചൂടും വെളിച്ചവും.

ചീപ്പ്

കൂരിരുട്ടില്‍ മധു തേടിയിറങ്ങുന്ന ശലഭങ്ങളില്‍
നിന്ന് അഭയദാതാവിന്റെ ചോരയൂറ്റിക്കുടിക്കുന്ന
പേനുകളായ് വിദ്യാര്‍ത്ഥികള്‍ മാറുന്ന ലോകത്ത്
എരിഞ്ഞും വെളിച്ചം വിതറുന്ന ദീപത്തില്‍ നിന്നും
അറ്റന്‍ഡന്‍സും ഇന്റേണലും പല്ലുകളായ് ഭവിക്കും
'ചീപ്പായി' അധ്യാപകര്‍ മാറുന്നതിലെന്തത്ഭുതം.


ബലിദാനി

നൈമിഷികമാമായുസ്സിലഗ്നിധാരിയാമൊരു
തീക്കമ്പിനാകുമേ ബൃഹത്താം സാമ്രാജ്യ
സൗധങ്ങളെ ചാരമായ് മാറ്റിടാന്‍ വ്യര്‍ത്ഥമാകില്ല-
തിന്‍ ബലിദാനമൊരിക്കലും ചിത്തത്തിലര്‍ത്ഥ-
ശങ്കയില്ലാതെയാണൊരാ ധര്‍മസ്ഥാപന കൃത്യ
പൂരണമെങ്കില്‍ സര്‍വദാ.

റബ്ബര്‍

മറ്റാരൊക്കെയോ കുത്തിവരച്ച
തെറ്റുകള്‍ തുടച്ചുമായ്ക്കുവാന്‍
സ്വന്തം ജീവിതം തനിയേ തേച്ചു
പൊടിച്ചു കളയുന്നവന്‍ റബ്ബര്‍
കറുത്തു പോകുവാറുണ്ട്
പലപ്പോഴും എടുത്തുരച്ചാല്‍
വെളുത്തുതുടുത്തു നില്‍ക്കുന്നവ.

2015, ജൂലൈ 18, ശനിയാഴ്‌ച

2015, ജൂലൈ 13, തിങ്കളാഴ്‌ച

റീകോയിൽ ഓഫ് ഗൺ

ഓരോ തവണ കാഞ്ചിവലിക്കുമ്പോഴും
പുകയുന്ന മനസോടെ
തോക്ക് നമ്മെ ഓർമപ്പെടുത്താൻ
ശ്രമിക്കുന്നു നീ ലക്ഷ്യത്തിൽ നിന്നും അകലുന്നുവെന്ന്

2015, ജൂലൈ 10, വെള്ളിയാഴ്‌ച

ക്യാമറ



പുഴയോരത്തും കാട്ടിലും ബീച്ചിലും
ചെന്ന് എസ് എല്‍ ആര്‍ മുതല്‍
മൊബൈല്‍ ക്യാം വരെ വച്ച്
ഫോട്ടോയെടുക്കുമ്‌പോള്‍ എന്നെ
മാത്രം ഫോക്കസാക്കി പശ്ചാത്തലം
ബ്ലര്‍ ആക്കാത്ത നീ തീരെ പ്രാക്ടിക്കലല്ല


2015, ജൂലൈ 2, വ്യാഴാഴ്‌ച

സ്‌ക്രൂ

തലയ്ക്കു കുത്തിപ്പിടിച്ച്
വട്ടംകറക്കി കുത്തിത്തിരിച്ചാലും
ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി
ബന്ധം ദൃഢമാക്കുന്നവന്‍ സ്‌ക്രൂ ....

2015, ജൂൺ 30, ചൊവ്വാഴ്ച

ഉപ്പിലിട്ടത്


പത്തായപ്പുരയുടെ മൂലയ്ക്ക് 
ആരുംകാണാതെ മൺഭരണിയിൽ 
തിരശ്ശീല കെട്ടി ഒളിപ്പിച്ചിട്ടുണ്ട് ഞാൻ

പ്രണയത്തിന്റെ കണ്ണി മാങ്ങകൾ


2015, ജൂൺ 26, വെള്ളിയാഴ്‌ച

"ഠ" ഗുരു "ഠ"


ഉള്ളു പൊള്ളിയാലത് സഹിച്ചു-

പിടിക്കാതെ മുഖം വീര്‍പ്പിച്ചാല്‍ 
ജീവിതം തവിടുപൊടിയാകുമെന്ന് 
പപ്പടമാണെന്നെ പഠിപ്പിച്ചത്‌

2015, ജൂൺ 24, ബുധനാഴ്‌ച

ഉറുമ്പരിച്ച കിനാവുകൾ

ചക്കരേ.. തേനേ....  എന്നൊക്കെ നീട്ടി
വിളിക്കുമ്പോള്‍  ഇവയൊക്കെ
ഉറുമ്പരിക്കുമെന്ന് ഞാനോർത്തി-
ല്ലെന്നതാണെന്‍ കുറ്റബോധം

2015, മേയ് 20, ബുധനാഴ്‌ച

Where the GOD is situated??

എവിടെയാണു ദൈവം ഞാന് ചോദിച്ചു.
നീ അമ്പലത്തിലൊരു പുഷ്പാഞ്ജലി നടത്തു അപ്പോ മനസ്സിലാകും.. പുഷ്പാഞ്ജലി നടത്തി
കളഭാംഗിതമായ പുഷ്പങ്ങളടങ്ങിയ വാഴയിലയിലാക്കിയ പ്രസാദം വാങ്ങി തിരിച്ചെത്തി...
വീണ്ടും ഞാന് എവിടെയാണു ദൈവം??
നീ അമ്പലത്തിലെ കണ്ണനൊരു പായസം കഴിപ്പിക്കൂ അപ്പോ മനസ്സിലാകും.. പേരും നക്ഷത്രവും ഒക്കെപ്പറഞ്ഞ് പായസം കഴിപ്പിച്ചു. ഞേറ്റിയില് പായസവുമായി തിരിച്ചെത്തി.
വീണ്ടും ഞാന് - എവിടെയാണു ദൈവം??
നീ ഗണപതിക്കൊരായിരത്തൊന്നപ്പം നേരൂ അപ്പോ മനസ്സിലാകും എവിടെയാ ദൈവമെന്ന്...
ഇക്കുറി അങ്ങനെ കാശു കളഞ്ഞു പ്ലീംഗണ്ടാ....... ഞാങ്കരുതി.....
അപ്പോ ആക്ച്വലി ഈ ദൈവമെവിടെയാണ്........
ഇതുവരെ ഇതിനായി ഞാനെന്തെല്ലാമാണ് ചെയ്തു കൂട്ടിയത്.... ദൈവത്തിനു പുഷ്പാഞ്ജലി നടത്തി എനിക്കെന്തു കിട്ടി പുഷ്പസമേതമായ പ്രസാദം...
കണ്ണനു പായസം നേര്ന്നു എനിക്കെന്തു കിട്ടി ഒരു തൂക്കു പായസം... ഇനി ഗണപതിക്ക് അപ്പം കൊടുത്തിരുന്നേല് സ്വാഭാവികമായും കിട്ടുക അപ്പം മാത്രം... ശ്ശെ ആക്ച്വലി ദൈവമെവിടെയാണ്.....
ങെ ദൈവത്തിനു പൂക്കളര്പ്പിച്ചു എനിക്കു പൂക്കള് തന്നെ കിട്ടി.. ദൈവത്തിനു പായസം നേര്ന്നു എനിക്കു പായസം കിട്ടി.. ഇനി ദൈവത്തിനപ്പം കൊടുത്താലതും എനിക്കു തന്നെ കിട്ടും.... അപ്പോ ദൈവം കല്ലിലല്ല മറിച്ച് എന്നിലാണുള്ളതെന്ന് ഇതിലും വ്യക്തമായെങ്ങനെ ബോധ്യപ്പെടുത്താനാണ് .......

2015, മേയ് 17, ഞായറാഴ്‌ച

നിരാഹാരം

ദൃഢതയുടെ നിരാഹാരമായ്‌ തുടങ്ങി
ചാഞ്ചല്യത്തിന്റെ നീരാഹാരത്തിലൂടെ
ഉളുപ്പില്ലായ്‌മയുടെ നിരന്തരാഹാരമായ്‌
പരിണമിക്കുന്നുവോ ഈ സമരായുധം

2015, മേയ് 8, വെള്ളിയാഴ്‌ച

പേപ്പർ കേക്ക്

എന്നും ഞാനവളെ മുറുകെ കെട്ടിപ്പിടിക്കണമായിരുന്നു. അതൊന്നയഞ്ഞു പോയാൽ അവളെ നോക്കാനാളുകൾ മടിക്കുമെന്നുമവൾ കരുതി ഒടുവിൽ വേസ്റ്റ് ബിന്നിലെ കടലാസുണ്ടയായ് മാറിയപ്പോൾ ഞാൻ കരുതി
ഞാനൊരു പേപ്പർ കേക്കാണെന്ന്... അല്ല
അതിൻ്റെ ചൂളി മാത്രമാണെന്ന് തിരിച്ചറിഞ്ഞത്.

2015, മേയ് 5, ചൊവ്വാഴ്ച

കനല്‍ക്കൂന

എരിയുന്ന കനല്‍ക്കൂന മറച്ചു
പിടിക്കാന്‍ അതിന്മേലെ ചവറു
കോരിയിട്ടതാണുഞാന്‍

ചെയ്‌ത വിഡ്‌ഢിത്തം ഇന്നും
പുകഞ്ഞുമെരിഞ്ഞുമിരിക്കുന്നു-
വൊരു തീക്കൂന പോലെയെന്മനം

2015, മേയ് 2, ശനിയാഴ്‌ച

തൊട്ടിക്കയറുകള്‍

പൊട്ടക്കിണറ്റിലെ പേക്കന്‍ തവളകള്‍
ചാടിക്കിണറു കടക്കാന്‍ ശ്രമിക്കവേ
രക്തസാക്ഷിപ്പട്ടം കെട്ടിവെച്ചീടുവാന്‍
ആള്‍മറ കെട്ടിയുയര്‍ത്തുന്നുവിന്നവര്‍
എന്നെങ്കിലുമാകിണറ്റിലേക്കെത്തുമാ
സൂര്യോദയത്തിന്റെ തൊട്ടിക്കയറുകള്‍

2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

ചാറ്റ് ലിസ്റ്റ്


നിന്നുടെ പേരിന്നിടത്തുഭാഗത്തായി
കത്തി നില്‍ക്കുന്നിളമ്പച്ച വട്ടം
ചാറ്റു ലിസ്റ്റിന്റെ നെറുകയില്‍ കാണ്‍കേ
എന്തുകൊണ്ടെന്നറിയില്ല കണ്മണീ
ഉമിത്തീയെരിഞ്ഞു പുകഞ്ഞു നില്‍ക്കും
പോലെ നീറിപ്പുകയുകയാണെന്റെ നെഞ്ചകം

2015, ഏപ്രിൽ 14, ചൊവ്വാഴ്ച

എന്തീനാപ്പൊ ദിദൊക്കെ.

പട്ടിണിക്കാരന്റെ കരച്ചിലിനു മീതെ പടക്കത്തിനാണു മേല്‍ക്കോയ്‌മയെന്നു വിളിച്ചോതിക്കൊണ്ട്‌ ഒരു വിഷുക്കാലം കൂടി സമാഗതമായിരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന യുക്തിവാദികളും, ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെ പടപൊരുതുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കന്മാരും, പരിസ്ഥിതി പ്രവര്‍ത്തകരും പടക്കം വാങ്ങാനുള്ള ക്യൂവില്‍ മുന്നിലാണ്‌. എന്തിനാണു പടക്കം പൊട്ടിക്കുന്നതെന്നറിയാതെ സമൂഹത്തില്‍ തങ്ങളുടെ സ്റ്റാറ്റസ്സ്‌ പൊട്ടിക്കുന്ന പടക്കത്തിന്റെ പണത്തിലാണെന്ന മിഥ്യാ ധാരണയിലാണെല്ലാവരും. എന്താണ്‌ വിഷു എന്തിനാണു വിഷുവിനു പടക്കംപൊട്ടിക്കുന്നതെന്നറിയാതെ വെറുതെ വിഡ്ഡിവേഷം കെട്ടുകയാണെല്ലാവരും. സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തിയെന്നും, അതിന് പിറ്റേന്നാണ് വിഷുവെന്നും. കര്‍ഷകന് വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ് വിഷു വരുന്നതെന്നും, പിറ്റേന്നു ജോലിക്കെത്താനുള്ള അറിയിപ്പായിട്ടാണ് പടക്കം പൊട്ടിക്കുന്നതെന്നുമൊക്കെയാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അധ്വാനിച്ചുണ്ടാക്കിയ പണം ഹുങ്കാര ശബ്ദത്തോടെ പൊട്ടിച്ചിതറുമ്പോ അന്തരീക്ഷ മലിനീകരണവും, ശബ്ദ മലിനീകരണവും, അതുമൂലമുണ്ടായേക്കാവുന്ന രോഗങ്ങളും, അധ്വാന നഷ്ടവും മാത്രം ലാഭം. എല്ലാറ്റിനേയും എതിര്‍ക്കുകയും ചെയ്യുന്ന മലയാളിയെന്തേ ഇതിനെക്കുറിച്ചു ചിന്തിക്കാത്തത് ? അധ്വാനിച്ചുണ്ടാക്കുന്ന ആ പണം പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യാനെന്തേ മനസ്സുവരാത്തത്? ദാനം പോവട്ടെ അത് നമ്മുടെ തന്നെ മറ്റ് നല്ല ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കാനെന്തേ മനസ്സു വരാത്തത് ?.. എന്തായാലും ഞാന്‍ പടക്കം പൊട്ടിക്കുന്നില്ല.

2015, ഏപ്രിൽ 5, ഞായറാഴ്‌ച

പെയിന്റ്

മനസ്സിന്‍ ചുവരിലെ നീയാകും
 പെയിന്റിനെ മായിച്ചു കളയുവാനാ-
 കുവാറില്ലെനിക്കൊരിക്കലും, മെല്ല 
പഴകി പെയിന്റടര്‍ന്നങ്ങു പോകവേ 
എവിടെ നിന്നോ പറന്നെത്തുന്നുവാ 
പെയിന്റുമായി പെയിന്ററാം ലൈക്കും
കമന്റും ഷെയറും ഇന്‍ബോക്സിലൊരു
ഹായ് ആയും എന്തു ചെയ്യണമെന്ന് 
അറിയില്ല അതുകൊണ്ട് ഇന്നും നിറം 
മാറാതേ മാറ്റാതെ നില്ക്കുന്നുവെന്‍ മനം.

ഗുരുനാഥന്‍

കറുത്ത ബ്ലാക്ക്‌ ബോര്‍ഡില്‍ ചോക്കിന്‍
കുളിരുന്ന തൂവെണ്‍മ പടര്‍ത്തുന്നവന്‍
വെളുത്ത കടലാസിലെ കറുത്ത തെറ്റുകളെ
ചുവപ്പാല്‍ വെട്ടി നീക്കുന്നവന്‍ ഗുരുനാഥന്‍

2015, മാർച്ച് 31, ചൊവ്വാഴ്ച

കാണാതെ പോയവ


കയ്യില്‍ കിലുങ്ങുന്ന കുപ്പിവളകളുമായി

കണ്ണില്‍ ചാരത്തെത്താനുമുള്ള ധൃതിയുമായി
കണ്ടത്തിലൂടെ നീ പാഞ്ഞടുക്കുമ്പോള്‍ കണ്ടില്ല
കണ്ടത്തിലൊരിക്കലും മുളക്കാവിധമാഴ്‌ന്നുപോയ
വിത്തും ചവിട്ടിമെതിക്കപ്പെട്ട ഞാറുമന്നീ ഞാന്‍