2015 ഡിസംബർ 24, വ്യാഴാഴ്‌ച

ഉപ്പുമാങ്ങ

പഴുക്കാനനുവദിക്കാതെ എറിഞ്ഞിടും
ചെങ്കോലാല്‍ ഞെട്ടറ്റു വീഴ്ത്തിടുമല്ലായ്കില്‍
പൊള്ളിക്കുവാനെ ചെന ഇറ്റിറ്റു വീണു
പടരുന്നു കാലുറപ്പിച്ചൊരീ മണ്ണില്‍

സുദീര്‍ഘമാം വക്ര വദനരാണത്രേ മെച്ചം
സുമുഖരം നിമിഷാത്മാക്കളേക്കാളേറെ
ചുറ്റിലും ചുട്ടെടുത്ത മണ്ണിന്‍ തടവറ
ആര്‍ത്തു ചുംബിച്ചിടുമുപ്പിന്‍ പരലുകള്‍
ചോരയും നീരുമൂറ്റി വലിച്ചു കുടിച്ചിടും
ചുരുങ്ങിടും നാം, കലര്‍ന്നിടും അല്ല്ലല്ല
കലര്‍ത്തിടും രണത്തില്‍ വിഷവിപ്ലവ-
ബീജവും, കണ്ണീര്‍ കുറുക്കിയൊരുപ്പുുമല്പം.

നിങ്ങള്‍ നാളെയുടെ വാഗ്ദാനങ്ങള്‍ ധീര-
ദേശാഭിമാനികള്‍, അപ്പോഴുമെച്ചിലിലയുടെ
മൂലയ്ക്കിളഭ്യനായ് നില്പ്പുണ്ട് ഊമ്പിവിട്ട
വിപ്ലവത്തിന്റെ മാങ്ങയണ്ടികള്‍

നാടിന്നു തണലാകേണ്ട വിത്തുകള്‍
ഉണ്ണിക്കു മാമ്പഴം നല്‍കേണ്ട മാവുകള്‍
വന്ധ്യരാം വിത്തുകളെന്തിനീ മണ്ണിന്റെ
മാറില്‍ വിതയ്ക്കുന്നതിന്നു നാം...

2015 ഡിസംബർ 11, വെള്ളിയാഴ്‌ച

ലെയ്ത്ത്

"പൊടി"തട്ടി "എണ്ണ"മുക്കി നിന്നെ
മാറോടണക്കാതെ "വാലോ"ടണക്കവേ
നിശ്ചയം ചിന്തിച്ചിരുന്നു ഞാന്‍
എന്നിലേക്കു വീണ്ടും വന്നണഞ്ഞ്
കറങ്ങുന്ന ജീവിതത്തില്‍ നീ
കണിശമാത്രാ കൊത്തിവെച്ചിടും
ആയുസ്സിന്‍ പ്രേമ ദാരുശില്പവും
കണ്ണീരില്‍ കുതിര്‍ന്ന ചായില്യവും.

2015 സെപ്റ്റംബർ 30, ബുധനാഴ്‌ച

പ്രാക്ക്

നെഗറ്റീവില്‍ നിന്നും പോസിറ്റീവിലേക്ക്
നില്‍ക്കാതെ പാഞ്ഞിട്ടും കരണ്ട്
ആ വഴിക്കല്ലാത്തതുകൊണ്ട്
നിരാശരായ ഇലക്ട്രോണുകളുടെ
പ്രാക്കേറ്റിട്ടാണത്രെ ബാറ്ററി മരിക്കുന്നത്

2015 സെപ്റ്റംബർ 26, ശനിയാഴ്‌ച

പ്രേതാലയ ചിന്തകള്‍



നിഴലില്‍ കഥയെഴുതുന്നവന്റെ
ചെവിയില്‍ അലയടിക്കുന്നുണ്ട്
ചീവീടിന്റെ കിരു കിരുപ്പുകള്‍
   ഇല്ലാമുലപ്പാലു ചപ്പിയിറക്കുവാന്‍
  ഇല്ലത്തെയുണ്ണികള്‍ മത്സരിച്ചീടവേ
  പൊട്ടിത്തെറിക്കുവാന്‍ ചൂടെണ്ണനോക്കി
  കാത്തു മടുത്തു മുളച്ചൂ കടുകുകള്‍
നനയാക്കറി പുരണ്ട്, ചീഞ്ഞ്
നാറുന്നുണ്ട് ചോറ്റു പാത്രത്തിലെ
അക്ഷര വറ്റുകള്‍, അക്ഷയമായവ
   ചിലന്തികള്‍, അവരാണ് ജീവികള്‍
   അടിച്ചിറക്കിയാലും തിരിച്ചു വന്ന്
   വല നെയ്യുന്ന പൈതൃകം
ചിതലുകള്‍, മണ്ണോടു ചേര്‍ക്കാ-
നുയിര്‍ കൊടുക്കുന്നവര്‍, പണ്ടെന്നോ
തപസ്സിനിരുന്നൊരാക്കള്ളനെ
മാമുനിയാക്കിയത്, നാം ചെങ്കോട്ട-
പടുത്തുയര്‍ത്തിയാണെന്നിന്നും
ഉറക്കെയുറക്കെ പറഞ്ഞു നടക്കുവോര്‍
  വവ്വാലുകള്‍, ഇടയ്കിടയ്ക്കെത്തി
  തലതിരിഞ്ഞ് പിടിച്ചു തൂങ്ങി
  ഇരുളില്‍ മാത്രമിര പടിക്കുന്നവര്‍

പല്ലിവാല്‍ :-
 "പേടിയുണ്ടീ പഴകിയ വീട്ടിലിന്നേ-
 കനായിങ്ങനെ ചിന്തിച്ചിരിക്കുവാന്‍
 തകര്‍ന്നു വീണിടാം "ഉത്തര"മെപ്പൊഴും
 തലമണ്ട പൊട്ടിയെന്‍ ചോരതെറിച്ചിടാം."

2015 സെപ്റ്റംബർ 24, വ്യാഴാഴ്‌ച

ഹോമദ്രവ്യം

നെഞ്ചി‌‌ടിക്കുന്നുണ്ട്..
തൊണ്ട വരളുന്നുണ്ട്..
വാക്കുകള്‍ തീയിലെ
പുകപോലെയുയരുന്നു..
പി‌ടിതരാതെ, കണ്ണില്‍
നീരു നിറച്ചുടന്‍....

ഹോമാഗ്നി ഉയര്‍ന്നു-
കഴിഞ്ഞു, എരിയുന്നു
ചുടുകട്ടകള്‍ ചുറ്റിലും.
എരിഞ്ഞുറഞ്ഞി‌ട്ടുണ്ട്
തീച്ചൂളയില്‍ പലവുരു-
വെങ്കിലുമിതസഹ്യം

നറു നെയ്യു പകരേണ്ട
ഹോമാഗ്നിയിലെങ്ങനെ
രക്തനീതാര്‍ച്ചന ചെയ്തിടും.
നിലയ്ക്കാത്തതെന്തേ...
മിടിക്കുമെന്‍ കിനാവുകള്‍?

വിധി വിധിക്കപ്പെടേണ്ടതല്ല
വിധിക്കപ്പെട്ടിടിടുള്ളതുമല്ല
വിധി വിധിക്കപ്പെടുന്നത്
വിധേയര്‍ക്കു മാത്രമാണ്..

പല്ലിവാല്‍ :-
വന്നു ചേരുമോ ഹോമദ്രവ്യമായ്
എരിയുമെന്നിലേക്കന്നു നീ...???
അല്ലയെങ്കിലൊന്നാഞ്ഞു നോക്കി‌ടും
ചാമ്പലായി ഞാന്‍ മാറിടും.......