2016 മേയ് 2, തിങ്കളാഴ്‌ച

ബീഡി ചെല്യത്‌

പുകഞ്ഞു തീരുന്ന ജീവിതങ്ങളെ
പലരും ചുണ്ടോടു ചേര്‍ക്കുമെങ്കിലും
ഒരു കുറ്റി
അതെന്നും ബാക്കി വരാറുണ്ട്‌

2016 ഏപ്രിൽ 14, വ്യാഴാഴ്‌ച

സൈലന്‍സര്‍

ഉണങ്ങാതെ കിടക്കുന്ന മഷിപ്പാടുകൾ
ബാക്കി വെക്കുന്നത് പൊലിഞ്ഞു പോയ
സ്വപ്നങ്ങളും പൂത്തുലഞ്ഞ നൊമ്പരങ്ങളും,
കറങ്ങുന്ന ഘടികാരത്തിലെ കാലന്മാരുടെ
മത്സരയോട്ടത്തിൽ ആവിയായ ചോരയുടെ മണവും
എത്തുന്നുണ്ട് മൂക്കിലേക്ക് രൂക്ഷമായിത്തന്നെ.

സുഖ പ്രസവം

അസ്ഥികൾ നുറുക്കിക്കൊണ്ട്
അസ്ഥിത്വമർക്കാർച്ചന ചെയ്യവേ
അല്പാക്ഷികളരുളിച്ചെയ്തു
അവൾക്കു സുഖപ്രസവം.

കിനാപ്പാറ്റ

വിണ്ടു കീറിയ മണ്ണിൽ
എന്നോ പുതഞ്ഞു പോയ
സ്വപ്നങ്ങളത്രേ മഴയിൽ
പറന്നുയരുന്ന മഴപ്പാറ്റകൾ..

2016 മാർച്ച് 10, വ്യാഴാഴ്‌ച

കാരുമ്മ

അടുക്കളയിൽ പൊടി തിങ്ങിയ മൂലയിൽ
പൊടിയിൽ മൂടി വെളിച്ചം
കാണാതെ കരിയിൽ പൂണ്ട് നിൽപ്പുണ്ട് 
എരിതീയിൽ കരിഞ്ഞുള്ളിലെണ്ണ
തിളപ്പിക്കേണ്ടവൾ കൊതി
വരുമ്പോളെടുക്കാറുണ്ടതിൽ
ചക്കരയരിമാവും പഴത്തിൻ ചാറും
ചേർത്തൊഴിക്കും കുഴമ്പിനെ പൊള്ളി
ത്തുള്ളി വളർത്തി ഉണ്ണിയപ്പമായ്
ലോകർക്കു നൽകുമ്പോൾ
കാണുവാറില്ലൊരിക്കലും ഉത്സവപ്പെരുമയും
വിശ്വസുന്ദര നിമിഷങ്ങളും, ഉടയോന്റെ വിധി
അതങ്ങനെയാണു പോലും കഷ്ടം
പല്ലിവാല്‍
കരിഞ്ചട്ടയിൽ മുങ്ങി എരിതീയിൽ
വെന്ത് ഉണ്ണിയപ്പങ്ങളെ പെറ്റുകൂട്ടാൻ
വിധിക്കപ്പെട്ടവൾ കാര.......