2015 സെപ്റ്റംബർ 19, ശനിയാഴ്‌ച

പരിഭവം

നിറങ്ങൾക്കുമുണ്ട് പരിഭവങ്ങൾ
പറയാൻ നിറം മാറുന്ന
ഓന്തുകൾക്ക്‌ നിറം പതിച്ചു
നൽകിയ മനുഷ്യരോട്‌

ഇ എം ഐ

കമ്പിച്ചുരുളിലേക്ക് കാന്തം ഊർന്നിറങ്ങുവേ
ഉൽപാദിതമാകുന്ന ഒരു വിദ്യുത് സ്ഫുരണമല്ല പ്രണയം..

സിബ്ബ്

ഇരു പക്ഷങ്ങളെ യോജിപ്പിക്കാനുള
ഓട്ടം മാത്രം ജീവിതമായുള്ളവൻ
അതിനായ് നിരന്തരം പിടിവലികൾ
സഹിക്കേണ്ടി വരുന്നവൻ, അകന്നു
നിന്നവരില്ല, അകത്തി നിർത്തിയവരില്ല
പണ്ടാരം സിബ്ബ് പൊട്ടിയെന്ന പ്രാക്കു
മാത്രം യാത്രാമൊഴിയായ് ലഭിപ്പവൻ.

രക്ഷാബന്ധൻ

പെങ്ങളെ പെങ്ങളായ്
കാണാൻ ചരടെന്തിനെന്ന്
ചോദിക്കുന്നവരെ നോക്കി
പല്ലിളിക്കുന്നുണ്ടാവണം
അമ്മയുടെ കെട്ടുതാലിയും
കയ്യിലണിയിച്ച മോതിരവും.

2015 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

കീശ

തണുപ്പിച്ച ചില്ലുകൂട്ടിനകത്ത്
"ബാക്ടീരിയ കോൺഷ്യസായി"
നെഞ്ചിടിപ്പിന്റെ താളത്തിനായ്
കാത്തു നിൽക്കുന്നവരുടെ ഇടയിൽ
നോട്ടിന്റെ ചുവപ്പിന് ചോരച്ചു -
വപ്പിനേക്കാൾ മാനം നൽകുന്ന
സ്റ്റെതസ്ക്കോപ്പിനാൽ കീശയളക്കും
അയാളെ ഹൃദയത്തിന്റെ താളം
കേൾപ്പിക്കാനാകണം പണ്ടു
മുതൽക്കേ കീശ ഹൃദയപക്ഷത്ത്
സ്ഥാനം ചോദിച്ചു വാങ്ങിയത്.